പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ നീന്തൽ പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പീച്ചി ഇറിഗേഷൻ സ്വിമ്മിങ് പൂളിൽ വെച്ച് നടന്ന പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലനം ലഭിക്കാത്തതുമൂലം നിരവധി കുട്ടികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലാശയങ്ങളിൽ വീണ് മരണപ്പെടുന്നുണ്ടെന്നും അത്തരം അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കുന്നതിനാണ് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നീന്തൽ പരിശീനം സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ജലാശയങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ വളർന്നു വരുന്ന തലമുറയ്ക്ക് നീന്തൽ പരിശീലനം ഏറെ അനിവാര്യമാണെന്നും പി.പി. രവീന്ദ്രൻ പറഞ്ഞു. പരിശീലകൻ ജയപ്രകാശിന്റെ നേതൃത്വത്തിൽ 7,8,9 ക്ലാസ്സുകളിൽ പഠിക്കുന്ന 50 കുട്ടികൾക്കാണ് പീച്ചിയിൽ സൗജന്യ നീന്തൽ പരിശീലനം നൽകിയത്. പരിശീലകന്റെ ഓണറേറിയവും കുട്ടികൾക്കുള്ള പോഷകാഹാരവും ഉൾപ്പെടെ ഒരുലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരുന്നത്.
വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, പഞ്ചായത്ത് അംഗം എം.ജെ.അനീഷ്, പട്ടിക്കാട് എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ് നിർമ്മലാദേവി, സഹപരിശീലകൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു.


0 Comments