ബിജുവിന്റെ പക്കലുണ്ട് ചരിത്രമുറങ്ങുന്ന സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും അമൂല്യ ശേഖരം


പട്ടിക്കാട്. ഇരുന്നൂറിലേറെ രാജ്യങ്ങളുടെ ചരിത്രമുറങ്ങുന്ന സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും കറൻസികളുടെയും വിപുലമായ ശേഖരമൊരുക്കി ശ്രദ്ധേയനാവുകയാണ് കണ്ണാറ സ്വദേശി കാവനമറ്റത്തിൽ ബിജു അബ്രഹാം. കഴിഞ്ഞ 35 വർഷമായി വിവിധ രാജ്യങ്ങളുടെ നാണയങ്ങളും കറൻസികളും സ്റ്റാമ്പുകളും തേടിയുള്ള അന്വേഷണത്തിലാണ് ബിജു. ഇതിനോടകം 200ലേറെ രാജ്യങ്ങളുടെ വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും കറൻസികളുടെയും വിപുലമായ ശേഖരം ബിജു സ്വന്തമാക്കിയിട്ടുണ്ട്. ഇവയിൽ പലതും അപൂർവ്വവും അമൂല്യവുമാണ്. ബ്രിട്ടീഷ് ഇന്ത്യൻ കാലഘട്ടത്തിലെ മാത്രമല്ല, നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും പ്രചാരത്തിലിരുന്ന നാണയങ്ങളും സ്റ്റാമ്പുകളും, പഴയ അഞ്ചൽ സ്റ്റാമ്പുകളുമെല്ലാം ശേഖരത്തിലുണ്ട്. 1947 മുതൽ ഇതുവരെ ഇന്ത്യ പുറത്തിറക്കിയ മുഴുവൻ സ്റ്റാമ്പുകളും ഇക്കൂട്ടത്തിലുണ്ട്.  കാറ്റലോഗുകൾ തയ്യാറാക്കി ജർമ്മൻ ആൽബത്തിലാണ് നാണയങ്ങളും കറൻസികളും സ്റ്റാമ്പുകളും പ്രദർശിപ്പിക്കുന്നത്. തൃശൂർ കോയിൻ സൊസൈറ്റി, ഫിലാറ്റലി ക്ലബ് എന്നിവയിലെ ആജീവനാന്ത അംഗമാണ്. തൃശൂർ കോയി ൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മെയ് 12 മുതൽ 14 വരെ തൃശൂരിൽ വെച്ചുനടന്ന ദേശീയ കോയിൻ, കറൻസി പ്രദർശനത്തിൽ ബിജു ഒരുക്കിയ 200 ഇനം അമേരിക്കൻ കോയിനുകളുടെ വിഭാഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ബിജു സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും കറൻസികളുടെയും പിന്നാലെയാണ്. 25 വർഷം ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്തും ഈ അമൂല്യശേഖരം ബിജു വിപുലമാക്കിക്കൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു.



Post a Comment

0 Comments