പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി പാണഞ്ചേരി പഞ്ചായത്തിൽ ലൈഫ് മിഷനിൽ നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം നടത്തി. ജനറൽ വിഭാഗത്തിൽ നിർമ്മാണം പൂർത്തിയായ പൂവൻചിറ തകരേലിൽ കുഞ്ഞമ്മയുടെ വീടിന്റെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷയായി.
പൂവൻചിറ വാർഡ് മെമ്പർ പി.എ ദീപു, വാർഡ് മെമ്പർമാരായ ബീന പൗലോസ്, റജീന ബാബു, വിഇഒ മാരായ സിബിതോമസ്, ഷീജ, ശ്രാവൺ, പൊതുപ്രവർത്തകൻ ദേവസി, കുഞ്ഞമ്മയുടെ കുടുംബാഗങ്ങൾ, സമീപവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
പാണഞ്ചേരി പഞ്ചായത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ജനറൽ വിഭാഗത്തിൽ 30, പട്ടികജാതി വിഭാഗത്തിൽ 45, പട്ടികവർഗ്ഗ വിഭാഗത്തിൽ 10 എന്നിങ്ങനെ വീടുകൾക്ക് കരാർ നൽകി പണികൾ വിവിധ ഘട്ടത്തിൽ ആണെന്ന് ലൈഫ് മിഷൻ പദ്ധതിയുടെ ചുമതല വഹിക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പറഞ്ഞു. ഓരോ ഗുണഭോക്താക്കൾക്കും 4 ലക്ഷം രൂപ വീതം വകയിരുത്തിയിതിന് പുറമെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 90 തൊഴിൽദിനങ്ങളും നൽകുന്നുണ്ട് എന്നും അധികൃതർ പറഞ്ഞു.

0 Comments