പീച്ചി. സ്‌കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും വിദ്യാർഥികളുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുമായി പീച്ചി ഗവ ഹയർസെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ 'അധ്യാപകരും കുട്ടികളുടെ വീട്ടിലേക്ക് ' എന്ന പേരിൽ സമ്പൂർണ്ണ വിദ്യാർത്ഥി പ്രവേശന ക്യാമ്പയിൻ സംഘടിപ്പിച്ചു.
ക്യാമ്പയിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അധ്യാപകർ കുട്ടികളുമായി നടത്തുന്ന ഇത്തരം ഇടപെടലുകൾ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നതിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകർ, പിടിഎ, എംപിടിഎ, എസ്എംസി, വികസനസമിതി, ഒഎസ്എ അംഗങ്ങൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പിടിഎ പ്രസിഡന്റ് മുബീന നസീർ അധ്യക്ഷയായിരുന്നു. ഹെഡ്മിസ്ട്രസ് കെ.എം. ഡെയ്‌സി, പ്രിൻസിപ്പൽ എ ഗിരീശൻ എന്നിവർ പ്രസംഗിച്ചു. എംപിടിഎ പ്രസിഡന്റ് വിൻസി, പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി, ഗോപകുമാർ, സജി, സുസ്മിത, മഫീന എന്നിവരും അധ്യാപകരും പങ്കെടുത്തു.

0 Comments