പട്ടിക്കാട്. മണിപ്പൂരിൽ നടക്കുന്നത് ബിജെപി സർക്കാരിന്റെ സ്‌പോൺസേർഡ് കലാപമാണെന്ന് കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് പറഞ്ഞു. സംഘപരിവാർ വർഗീയ കലാപങ്ങൾക്ക് തീ കൊളുത്തുകയാണ്. വർഗീയതയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന പാർട്ടിയാണ് ബിജെപി എന്നും ന്യൂനപക്ഷങ്ങൾക്ക് അവരുടെ കീഴിൽ രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ സംഘപരിവാറിനെതിരെ പീച്ചി പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടിക്കാട് നടത്തിയ മെഴുകുതിരി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാബു തോമസ്. കെപിസിസി ആഹ്വാന പ്രകാരമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷനായിരുന്നു. മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സി.വി. ജോസ്, കെ.ബി ലിബീഷ്, ഭാരവാഹികളായ പ്രവീൺ രാജു, ബ്ലസൻ വർഗീസ്, സി.മോഹനൻ, ലോറൻസ്, കെ.ഐ. ചാക്കുണ്ണി, ടി.വി. ജോൺ, എ.സി. മത്തായി, സജി താന്നിക്കൽ തുടങ്ങി ഒട്ടേറെ പാർട്ടി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.


0 Comments