പീച്ചി. കാവേരി നദീജല വിഹിതവുമായി ബന്ധപ്പെട്ടു കാവേരി ജല റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ 4 സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പീച്ചി എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ സന്ദർശനം നടത്തി. കാവേരി നദീജല വിഹിത തർക്കപരിഹാരത്തിന്റെ ഭാഗമായാണ് സമിതിയുടെ പ്രവർത്തനം. കാവേരി നദീതടവുമായി ബന്ധപ്പെട്ട 8 അണക്കെട്ടുകളുടെ ഭൗതികവും ഗുണപരവുമായ മാതൃകാ പഠനങ്ങൾ നടത്താനുള്ള ടീമാണു റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ വിനീത് ഗുപ്തടെ നേതൃത്വത്തിൽ പീച്ചിയിലെത്തിയത്. വിശദ പഠനത്തിനായി ബാണാസുര സാഗറിന്റെ മോഡൽ ഡാം പീച്ചിയിൽ നിർമിക്കുന്നതിന് തത്വത്തിൽ ധാരണയായി. കാവേരി നദിയിലെ ജലവിനിയോഗം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള കേരളം, തമിഴ്‌നാട്, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിലെ നൂറോളം ഉന്നത ഉദ്യോഗസ്ഥരാണു പഠന സംഘത്തിലുണ്ടായിരുന്നത്. കർണാടകത്തിൽ 4 ഉം തമിഴ്‌നാട്ടിൽ 3 ഉം ഡാമുകളാണ് ബാണാസുരസാഗർ ഡാമിനു പുറമേ പഠനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. റെഗുലേറ്ററി കമ്മിറ്റി കൺവീനറും ഡയറക്ടറുമായ വി. മോഹൻ മുരളി, കർണാടക എൻജിനീയറിങ് റിസർച്ച് സ്‌റ്റേഷൻ ജോയിന്റ് ഡയറക്ടർ ഹേമന്ത് കുമാർ, ബംഗളൂരു സിഡബ്ല്യുസി സൂപ്രണ്ടിങ് എൻജിനീയർ ഒ.ആർ.കെ റെഡ്ഡി, പുതുച്ചേരി മോണിറ്ററിംഗ് ടീം ഉപദേഷ്ടാവ് എ. രാജശേഖരൻ, എൽ പട്ടാഭി രാമൻ, വില്വനാഥൻ തുടങ്ങിയവരാണ് പങ്കെടുത്തത്. കെ ഇ ആർ ഐ ഡയറക്ടർ എൻ. സുപ്രഭ പീച്ചിയിലെ സൗകര്യങ്ങൾ വിശദീകരിച്ചു. ഭൂമി, ജലം ലഭ്യത, വൈദഗ്ധ്യം എന്നിവ പീച്ചിയിലുള്ളതായി സംഘം വിലയിരുത്തി.

0 Comments