തൃശൂർ. വിദേശത്തും, സ്വദേശത്തും ജോലി അന്വേഷിക്കുന്നവർ വ്യാജ റിക്രൂട്ടിങ്ങ് കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ജോലി ഓഫറുകളുമായി വരുന്ന ഇമെയിൽ വിലാസം വിശ്വസനീയമായതാണോ എന്ന് പരിശോധിക്കേണ്ടതാണ്. സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ലിങ്കുകളിൽ ക്‌ളിക്ക് ചെയ്ത് വിവരങ്ങൾ നൽകുന്നത് അപകടകരമാണ്. ഡോകുമെന്റേഷൻ ഫീസ്, പ്രോസസിങ്ങ് ഫീസ്, വെരിഫിക്കേഷൻ ഫീസ്, ട്രെയിനിങ്ങ് ഫീസ്, വിമാന ടിക്കറ്റ്, സെക്യൂരിറ്റി ഫീസ് തുടങ്ങിയ ഇനങ്ങളിൽ തട്ടിപ്പുകാർ പണം ഈടാക്കിയേക്കാമെന്നും പോലീസ് അധികൃതർ അറിയിച്ചു. ജോലി വാഗ്ദാനം നൽകുന്ന മികച്ച സ്ഥാപനങ്ങളൊന്നും തന്നെ ഉദ്യോഗാർത്ഥികളിൽ നിന്നും അങ്ങോട്ട് പണം ഈടാക്കുകയില്ലെന്നും വിവിധ തരത്തിൽ വൻ തുകകൾ ആവശ്യപ്പെടുന്നവരുമായി ശ്രദ്ധയോടും സംശയത്തോടും കൂടി ഇടപെടണമെന്നും അവർ അറിയിച്ചു.
വീട്ടിലിരുന്ന് ജോലിചെയ്ത് സമ്പാദിക്കാം എന്ന തലക്കെട്ടിലുള്ള സോഷ്യൽ മീഡിയ പരസ്യങ്ങളിലും തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നുണ്ടാകാം. നിങ്ങളെത്തേടിയെത്തുന്ന ടെലിഫോൺ കോൾ, വാട്‌സ് ആപ്പ് സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയോട് പ്രതികരിക്കുമ്പോൾ തീർച്ചയായും മുൻകരുതൽ എടുക്കുക. ജോലി വാഗ്ദാനത്തിലൂടെ ഇതിനോടകം നിരവധിപേർ സാമ്പത്തിക തട്ടിപ്പിന് ഇരയായി. വിദേശത്തായാലും സ്വദേശത്തായാലും സുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രം യാത്രയാകണമെന്നും തൃശൂർ സിറ്റി പോലീസ് അറിയിച്ചു.


0 Comments