പട്ടിക്കാട്. സംസ്ഥാനവും ജില്ലകളും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ നിർദേശ പ്രകാരം സംസ്ഥാനതലത്തിൽ ശുചിത്വ പൂരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചയത്തിൽ സ്ഥാപന തല ശുചിത്വ പൂരത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ശുചിത്വ പരിപാടി ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തേണ്ടത് ജനങ്ങളുടെ ആരോഗ്യത്തിന് അനിവാര്യമാണെന്നും ഇതിനുവേണ്ടി സംസ്ഥാന സർക്കാർ ഗൗരവപരമായ നിലപാടുകളാണ് കൈകൊണ്ടു വരുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.പി. രവീന്ദ്രൻ പറഞ്ഞു.
2024 മാർച്ച് 31 ന് മാലിന്യമുക്ത കേരളമായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ് സർക്കാർ ഇത്തരത്തിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പൊതു സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ, വീടുകൾ, എന്നിവിടങ്ങളിൽ പൊതുജന പങ്കാളിത്തത്തോടുകൂടി മാലിന്യ ശുചീകരണം നടത്തും.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി. ജലജൻ, കെ.വി. അനിത, പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

0 Comments