സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വർഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 18നും 50നും ഇടയിലുള്ള സ്ത്രീകൾക്ക് സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. പഠിക്കുകയും വിവിധ ഇടങ്ങളിൽ ജോലി ചെയ്യുകയും ചെയ്യുന്ന സ്ത്രീകൾക്ക് മുൻഗണന നൽകി കൊണ്ടാണ് പഞ്ചായത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ബ്ലോക്കിന്റെ കീഴിൽ പദ്ധതി നടപ്പാക്കുന്ന ആദ്യ പഞ്ചായത്താണ് പാണഞ്ചേരി എന്നും ആരോഗ്യ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരള സംസ്ഥാനം എന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.പി. രവീന്ദ്രൻ പറഞ്ഞു. 

പഞ്ചായത്തിന്റെ തനത് ഫണ്ടായ രണ്ടുലക്ഷത്തി അറുപതിനായിരം രൂപ ചെലവഴിച്ച് ആയിരം സ്ത്രീകൾക്ക് പദ്ധതി പ്രകാരം സഹായം നൽകാനാണ് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്. ഇതിൽ 860 സ്ത്രീകൾക്ക് ഇപ്പോൾ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യും. തുടർന്ന് ഒരു ലക്ഷം രൂപ കൂടി പദ്ധതിക്കായി പഞ്ചായത്ത് മാറ്റിവെച്ചിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻമാരായ ഇ.ടി. ജലജൻ, കെ.വി. അനിത, സുബൈദ അബൂബക്കർ, വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ, ഇ.എം.ടി ബ്ലസി വർഗീസ്, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. തിരുവനന്തപുരം എച്ച്.എൽ.എല്ലിലെ പബ്ലിക് ഹെൽത്ത് സ്‌പെഷലിസ്റ്റ് ഡോ. രേവു മെൻസ്ട്രൽ കപ്പിന്റെ ഉപയോഗ രീതികളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.



Post a Comment

0 Comments