മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും പുനരുദ്ധരിച്ച റോഡുകളും ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത്  മയിലാട്ടുംപാറ വാർഡിലെ മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെയും  പുനരുദ്ധാരണം പൂർത്തിയാക്കിയ മൂന്ന് റോഡുകളുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ അധ്യക്ഷയായി. 20 ലക്ഷം രൂപ ചെലവിൽ 32 കർഷകരുടെതായി 75 ഓളം ഏക്കർ ഭൂമിയിൽ കൃഷിക്ക് വെള്ളം എത്തിക്കാൻ കഴിയുന്നതാണ് പദ്ധതി. മണലിപ്പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ എത്തിച്ച് വിതരണ ലൈനുകൾ വഴി കൃഷിയിടങ്ങളിലേക്ക് എത്തിക്കും. 45,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കിന്റെ നിർമ്മാണവും വിതരണ ലൈനുകളുടെ പണികളും 15 എച്ച്.പി യുടെ മോട്ടോർ സ്ഥാപിക്കലും ഉൾപ്പെടെ എല്ലാം പൂർത്തീകരിച്ചു.  2020 ൽ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചില്ലെങ്കിലും 2021 ഒക്ടോബറിലാണ് ടാങ്ക് നിർമ്മിക്കാൻ ആവശ്യമായ ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായത് എന്ന് വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ പറഞ്ഞു. 2022 ജനുവരിയിലാണ് സിവിൽ വർക്കുകൾ ആരംഭിച്ചത്. ഇലക്ട്രിക് വർക്കുകളുടെ ടെണ്ടർ നടപടികൾ പൂർത്തിയാകാൻ മെയ് മാസം വരെ കാലതാമസം ഉണ്ടായെന്നും മെമ്പർ പറഞ്ഞു. 

മയിലാട്ടുംപാറ കനാൽപ്പുറം, പൂളച്ചോട് കനാൽപ്പുറം എന്നീ റോഡുകളുടെ ടാറിങ്, മഞ്ഞക്കുന്ന് ആലിൻചുവട് റോസ് ഗാർഡൻ റോഡിന്റെ കട്ട വിരിക്കൽ എന്നീ പണികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. താമരവെള്ളച്ചാൽ വാർഡ് മെമ്പർ അജിത മോഹൻദാസ്, വാർഡ് വികസന സമിതി കൺവീനർ എം.പി സാബു , വാർഡ് വികസന കമ്മറ്റി അംഗങ്ങളായ ജിനേഷ് പീച്ചി, ഒ.കെ ഭാസ്‌കരൻ, സജി കട്ടച്ചിറ, മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ കമ്മറ്റി അംഗങ്ങളായ ഉണ്ണി കൊല്ലംകുടി , റോബിൻസ് വലിയ പ്ലാക്കൽ, സെബാസ്റ്റ്യൻ പതിലേട്ട്, മോഹനൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments