സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കൽ: പീച്ചി പോലീസിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു


പട്ടിക്കാട്. ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പീച്ചി പോലീസിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പീച്ചി പോലീസ് സ്‌റ്റേഷനിൽ ചേർന്ന യോഗത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷ് അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും ഉറപ്പ് വരുത്തുന്നതിനുള്ള കർശന നിർദ്ദേശങ്ങൾ സ്‌കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളതായി എസ്എച്ച്ഒ പി.എം. രതീഷ് പറഞ്ഞു. സ്‌കൂൾ പരിസരത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കുക, വൈദ്യുതി ഉപകരണങ്ങൾ നീക്കം ചെയ്യുക, ജലാശയങ്ങൾ സുരക്ഷിതമാക്കുക, ക്ഷുദ്രജീവികളുടെ സാന്നിധ്യം ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

കൂടാതെ സ്‌കൂൾ ബസിലെ ഡ്രൈവർമാരും ജീവനക്കാരും പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമായും എടുത്തിരിക്കണമെന്നും, സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പ് വരുത്തുക, സുരക്ഷിതമായി വാഹനങ്ങൾ ഓടിക്കുക, ട്രാഫിക് വയലേഷൻ ഒഴിവാക്കുക എന്നിവ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പീച്ചി പോലീസ് സ്‌റ്റേഷൻ പരിധിയിലെ എല്ലാ സ്‌കൂളുകളിലെയും പ്രധാന അധ്യാപകർ, അധ്യാപകർ, അനധ്യാപകർ, സ്‌കൂൾ ഡ്രൈവർമാർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments