പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടമുറികളുടെ ലേലം പോലീസ് സംരക്ഷണയിൽ നടത്തി. മുൻനിശ്ചയിച്ച പ്രകാരം ഇന്ന് രാവിലെ 11.30ഓടെയാണ് ലേല നടപടികൾ ആരംഭിച്ചത്. 13 കടകളാണ് ലേലം ചെയ്തത്. 67 പേർ ലേലത്തിൽ പങ്കെടുത്തു.
ഓരോ കടകളും 3 വർഷത്തെ കാലാവധിക്കാണ് നൽകിയിട്ടുള്ളത്. എല്ലാ മാസവും അഞ്ചാം തിയതിക്ക് ഉള്ളിൽ ജിഎസ്ടി അടക്കമുള്ള വാടക പഞ്ചായത്തിൽ അടയ്ക്കണം. കറണ്ട് ചാർജ് വാടകക്കാർ തന്നെ അടയ്‌ക്കേണ്ടതാണ്. മാത്രമല്ല കടമുറികൾ കൈമാറ്റം ചെയ്യാനോ, മേൽ വാടകയ്ക്ക് നൽകാനോ, പൊളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ അനുവദിക്കുന്നതല്ല.
പട്ടിക്കാട് സെന്ററിലെ മുറിയാണ് ഏറ്റവും ഉയർന്ന ലേലത്തിൽ പോയത്. 19500 രൂപയും ജിഎസ്ടിയുമാണ് മാസ വാടക. മൂന്ന് മാസത്തെ തുക ലേലം ചെയ്ത അന്ന് തന്നെയും, കമ്മറ്റി ചേർന്ന് ലേലം ഉറപ്പിച്ചതിന് ശേഷം അടുത്ത മൂന്ന് മാസത്തെ തുകയും പഞ്ചായത്തിൽ അടയ്ക്കണം. പട്ടിക്കാട് ബസ് സ്റ്റാന്റ് പരിസരത്തെ എസ്.സി വനിത കെട്ടിട സമുച്ചയത്തിലെ 3 മുറികളും പട്ടിക്കാട് സെന്ററിലെ ചില മുറകളുമാണ് ഇനി ലേലത്തിൽ പോകാനുള്ളത്.
പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments