തൃശൂർ. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവുകൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചും ജിഎസ്ടി നടപ്പിലാക്കണമെന്ന ആവശ്യമുയർത്തിയും രാഷ്ട്രീയ ജനതാദൾ തൃശ്ശൂർ ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. യുഡിഫ് ചെയർമാൻ എം.പി വിൻസെന്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു. വിവിധ സബ്‌സിഡികൾ നിർത്തലാക്കിയും വിലകൾ നിരന്തരമായി വർധിപ്പിച്ചും കേന്ദ്ര കേരള സർക്കാരുകൾ ജനങ്ങളെ വേട്ടയാടുകയാണെന്നും സാധാരണ ജനങ്ങളുടെ ജീവിത നിലവാരത്തെ തകർക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും എം.പി വിൻസെന്റ് പറഞ്ഞു. ആർജെഡി ജില്ലാ പ്രസിഡന്റ് മനോജ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ബഷീർ മുടിക്കോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പ്രേംകുമാർ കളത്തിൽ, നേതാക്കളായ സുരേഷ് കുഴുപ്പുള്ളി, ഔസഫ് ആന്റോ, ജോബി എം വി, ഉദയൻ കളരിക്കൽ, ബിജു വാഴപ്പിള്ളി, വിജയലക്ഷ്മി, സനീഷ്, ജീവൻ, ഉദയൻ എന്നിവർ സംസാരിച്ചു.


0 Comments