തൃശൂർ. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലെ ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂർ, ഒല്ലൂർ എന്നീ നിയോജകമണ്ഡലങ്ങളിലെ 31.31 കിലോമീറ്റർ വരുന്ന വിവിധ റോഡുകളുടെ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ 28.69 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി ഉത്തരവായതായി ടി.എൻ പ്രതാപൻ എംപി അറിയിച്ചു. 8 മീറ്റർ വീതിയും ചുരുങ്ങിയത് 3 കിലോമീറ്റർ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് കേന്ദ്രസർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇതിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 17.54 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ 31.31 കിലോമീറ്റർ ദൂരം റോഡുകളാണ് നിർമ്മിക്കുന്നത്. അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ അരിമ്പൂർ കൈപ്പിള്ളി ആറാം കല്ല് റോഡിന് 3.47 കോടിയും, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ നന്തിപുലം നിലംപതി മാട്ടുമല റോഡിന് 2.91 കോടിയും, പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കല്ലിടുക്ക് പൂളച്ചോട് പീച്ചി ഡാം റോഡിന് 5.94 കോടിയും, പാണഞ്ചേരി താളിക്കോട് കോമ്പാറ ചെമ്പൂത്ര റോഡിന് 5.84 കോടിയും, മുരുക്കുംപാറ ചേരുംകുഴി ചവറാംപാടം റോഡിന് 5.76 കോടിയും, വേളൂക്കര ഗ്രാമപഞ്ചായത്തിലെ കുറുപ്പംപടി പട്ടേപ്പാടം കരുവാപ്പടി റോഡിന് 4.74 കോടി രൂപയുടെയും പദ്ധതികൾക്കാണ് കേന്ദ്രാനുമതി ലഭ്യമായതെന്ന് എംപി അറിയിച്ചു. അനുമതി നൽകി 72 ദിവസങ്ങൾക്കകം പ്രവർത്തനം ആരംഭിക്കുമെന്നും ടെണ്ടർ നടപടികൾ ഉടനെ തുടങ്ങുമെന്നും എം.പി വ്യക്തമാക്കി.


0 Comments