പട്ടിക്കാട്. തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായതോടെ പാണഞ്ചേരി പഞ്ചായത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച രാവിലെയുമായി രണ്ടുപേരെ നായ്ക്കൾ കടിച്ചു കീറി. നായ്ക്കൾക്ക് പേവിഷബാധയുണ്ടോ എന്ന സംശയവും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനകം പട്ടിക്കാടും പരിസരത്തുമായി പത്തോളം പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.
കഴിഞ്ഞവർഷം ഇതേ സമയത്ത് നായ്ക്കളുടെ കടിയേറ്റ് മരണങ്ങൾ സംഭവിച്ചപ്പോഴാണ് തെരുവുനായ നിയന്ത്രണത്തിനുള്ള പ്രഖ്യാപനങ്ങളും പരിപാടികളും സർക്കാരും ആരോഗ്യവകുപ്പും പ്രഖ്യാപിച്ചത്. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനും പുനരധിവസിപ്പിക്കാനുമായി മൃഗാശുപത്രികളോട് ചേർന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എബിസി കേന്ദ്രങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇത് നടപ്പിലായത്.
സ്‌കൂൾ കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പട്ടിക്കാട് സെന്ററിലും പരിസരത്തുമുള്ള വഴികളിലൂടെ നടന്നു പോകുന്നത്. എപ്പോൾ വേണമെങ്കിലും ഇവർ ഒരു നായയുടെ ആക്രമണത്തിന് ഇരയാകാം എന്ന സ്ഥിതിയാണ് ഉള്ളത്. അതുകൊണ്ട് പാണഞ്ചേരി പഞ്ചായത്തിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ കണ്ടെത്തി പിടികൂടി വന്ധ്യംകരിക്കാനും പുനരധിവസിപ്പിക്കാനുമുള്ള അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണം.


0 Comments