മണ്ണുത്തി. ഒല്ലൂർ മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ 700ലേറെ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പ്രതിഭാ സംഗമം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ എപ്ലസ് വാങ്ങുന്നതോടൊപ്പം ജീവിതത്തിൽ കൂടി എപ്ലസ് നേടുന്നതാണ് യഥാർഥ വിജയമെന്നും അതിനായി സാമൂഹിക പ്രതിബന്ധത ജീവിതത്തിന്റെ ഭാഗമാക്കണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കാർഷിക സർവകലാശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. കുട്ടികളെ ഡോക്ടറും എഞ്ചിനീയറും ശാസ്ത്രജ്ഞനുമാക്കാൻ മത്സരിക്കുന്നതിനു പകരം അവരെ നല്ല മനുഷ്യരാക്കാനാണ് ശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, ഇസാഫ് സിഇഒ കെ പോൾ തോമസ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. സജു, പി.എസ്. വിനയൻ, പാർട്ടി പ്രതിനിധികളായ എം.എസ്. പ്രദീപ് കുമാർ, പി.ഡി. റെജി, ജോസ് മുതുകാട്ടിൽ, കെ.കെ. ജോണി തുടങ്ങിയവർ പങ്കെടുത്തു.


0 Comments