പട്ടിക്കാട്. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് ജില്ലയിൽ വടക്കുഞ്ചേരിയ്ക്ക് സമീപം വണ്ടാഴി സ്വദേശി ദിനേഷിനെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മണ്ണുത്തി സ്‌റ്റേഷൻ ഹൗസ് ഓഫീസർ എസ്.ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പട്ടിക്കാട് ലാലീസ് ഹൈപ്പർ മാർക്കറ്റ് പാർട്ണർ കെ.പി.ഔസേപ്പ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതിയായ ദിനേഷ് കെ.പി. ഔസേപ്പിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ മെയ് 24ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ലാലീസ് ഹൈപ്പർ മാർക്കറ്റിന് കീഴിലെ ഫുഡ് ആന്റ് ഫൺ ഹോട്ടലിൽ നിന്നും ദിനേഷും സഹോദരന്റെ മകനും ചിക്കൻ ബിരിയാണി കഴിച്ചിരുന്നു. ഇതിന്റെ രുചിയെചൊല്ലി ദിനേഷ് ജീവനക്കാരെ ചോദ്യം ചെയ്യുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഹോട്ടൽ മാനേജർ ഉടൻ തന്നെ പീച്ചി പോലീസിനെ വിവിരം അറിയിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തിയില്ലെന്ന് ഹോട്ടൽ ഉടമ പറഞ്ഞു.
പിന്നീട് ഹോട്ടൽ ഉടമയെയും മാനേജരേയും സ്റ്റാഫുകളെയും പ്രതികളാക്കി ദിനേഷ് പീച്ചി പോലീസിൽ പരാതി നൽകി. ഈ കേസിൽ കുടുക്കി സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറെയും സ്റ്റാഫുകളെയും റിമാൻഡ് ചെയ്യിക്കുമെന്ന് ദിനേഷ് ഭീഷണിപ്പെടുത്തിയെന്നും കേസ് ഒത്തുതീർക്കാൻ അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടതായും ഹോട്ടൽ ഉടമ പറഞ്ഞു. ഇതേ തുടർന്നാണ് പണം കൈമാറിയത്. ദിനേഷിനെതിരെ കെ.പി. ഔസേപ്പ് പീച്ചി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്നും അതിനാൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുടർ നടപടികൾക്കും അന്വേഷണത്തിനുമായി സിറ്റി പോലീസ് കമ്മീഷണർ ഒല്ലൂർ എസിപിക്ക് പരാതി കൈമാറി. ഒല്ലൂർ എസിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് മണ്ണുത്തി സ്‌റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഭക്ഷണത്തെക്കുറിച്ച് തർക്കങ്ങൾ ഉന്നയിച്ച് ഹോട്ടൽ ഉടമകളിൽ നിന്നും വൻതുക തട്ടിയെടുക്കുന്ന റാക്കറ്റ് കേരളത്തിൽ സജീവമാണ്. ഈ നീക്കത്തെക്കുറിച്ച് മനസ്സിലാക്കിയ ഉടമ തന്ത്രപരമായി തന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ മുന്നിൽ വെച്ച് പണം കൈമാറിയതാണ് പ്രതിയെ കുടുക്കിയത്.


0 Comments