ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ; ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം


തൃശൂർ. സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി 12 മണി മുതൽ ജൂലൈ 31 അർദ്ധരാത്രി പന്ത്രണ്ട് മണി വരെ 50 ദിവസത്തേക്ക്  നടപ്പാക്കുന്ന ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്  ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ട്രോളിംഗ് നിരോധന കാലത്ത് തൊഴിൽ നഷ്ടപ്പെടുന്ന അനുബന്ധ തൊഴിലാളികൾക്ക് നൽകിവരുന്ന സൗജന്യ റേഷൻ യഥാസമയം കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ സിവിൽ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. ഈ കാലയളവിൽ ട്രോളിംഗ് ബോട്ടുകൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കോസ്റ്റൽ പെട്രോളിങ് ശക്തമാക്കാൻ  റൂറൽ ജില്ലാ പോലീസ് ചീഫിന് നിർദ്ദേശം നൽകി.

ജില്ലയിൽ അഴീക്കോട് ഫിഷറീസ് സ്‌റ്റേഷനിൽ മെയ് 15 മുതൽ 24 മണിക്കൂർ പ്രവർത്തനസജ്ജമായ ഫിഷറീസ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കളക്ടറേറ്റ് കൺട്രോൾ റൂമിലും നേവിയുടെ ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ് ജില്ലാ ഓഫീസ് 0487 2441132, ഫിഷറീസ് കൺട്രോൾ റൂം ഫിഷറീസ് സ്‌റ്റേഷൻ അഴീക്കോട് 0480 2996090, തൃശൂർ കലക്ട്രേറ്റ് കൺട്രോൾ റൂം 0487 2362424, കോസ്റ്റ് ഗാർഡ് 1093 എന്നിവയാണ് നമ്പറുകൾ.

കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ മത്സ്യഫെഡ് ജില്ലാ മാനേജർ എൻ ഗീത, ഫിഷറീസ് അഴീക്കോട് എഡിഎഫ് എം എൻ സുലേഖ, ജില്ല സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ്  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments