വഴുക്കുംപാറ മേൽപ്പാതയിലെ പ്രധാന പാതയിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു


പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ വഴുക്കുംപാറ മേൽപ്പാതയിലെ പ്രധാന പാതയിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു. എന്നാൽ കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തി ടാർ മിശ്രിതം ഒഴിച്ച് വീണ്ടും താൽക്കാലികമായി വിള്ളൽ അടയ്ക്കുകയായിരുന്നു. കുതിരാൻ തുരങ്കം കഴിഞ്ഞ് മേൽപ്പാത ആരംഭിക്കുന്നിടത്ത് തൃശൂർ ഭാഗത്തേക്കുള്ള പ്രധാന പാതയിലാണ് നാല്  മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. മേൽപ്പാതയുടെ കിഴക്ക് ഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെ മണ്ണിട്ട് ഉയർത്തിയ ഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. ഇത് ഏറെ അപകടസാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു. മേൽപാതയ്ക്ക് താഴെയുള്ള അങ്കണവാടി, ഹെൽത്ത് സെന്റർ, ഗ്രാമീണ വായനശാല, വർക്ക്‌ഷോപ്പ് എന്നിവയ്ക്കും ഇത് ഏറെ അപകടഭീഷണി ഉയർത്തുന്നതായും അവർ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ ദേശീയപാതയുടെ വശങ്ങൾ ഇടിയുകയും റോഡിൽ വിള്ളൽ രൂപപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മന്ത്രി കെ.രാജൻ, അന്നത്തെ തൃശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ, ദേശീയപാത പ്രൊജക്ട് ഡയറക്ടർ ബിപിൻ മധു തുടങ്ങിയവർ സ്ഥലത്തെത്തി ദേശീയപാതയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അഞ്ച് മാസങ്ങൾക്ക് ശേഷം വീണ്ടും ഇതേ സ്ഥലത്ത് വിള്ളൽ രൂപപ്പെടുകയും റോഡ് താഴുകയും ചെയ്തതോടെ പ്രദേശവാസികൾ ഏറേ ഭീതിയിലായി. നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകത പൂർണ്ണമായും പരിഹരിക്കാതെ താൽക്കാലികമായി നടത്തിയ അറ്റകുറ്റ പണികളാണ് ഇതിന് കാരണമെന്നും അവർ പറഞ്ഞു.

വഴുക്കുംപാറയിലെ ഒമ്പത് മീറ്റർ ഉയരത്തിൽ പോകുന്ന മേൽപ്പാതയുടെ ഇരുഭാഗവും കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചായിരുന്നു പണികൾ ആരംഭിച്ചത്. എന്നാൽ കിഴക്കുഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെയാണ് നിർമ്മാണ കമ്പനി പണികൾ പൂർത്തീകരിച്ചിട്ടുള്ളത്. ഇതിനെതിരെ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിരവധി പരാതികളും നൽകിയിരുന്നു. എന്നാൽ എതിർപ്പുകൾ വകവെക്കാതെ പ്രധാന പാതയുടെ പണികൾ പൂർത്തിയാക്കി ഗതാഗതം ആരംഭിക്കുകയാണ് ദേശീയപാത അതോറിറ്റി ചെയ്തത്.



Post a Comment

0 Comments