സ്‌കൂൾ സ്റ്റേഡിയ നിർമ്മാണം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ.രാജൻ


പട്ടിക്കാട്. പട്ടിക്കാട് ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിന്നുപോയതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സ്റ്റേഡിയത്തിന്റെയും മറ്റു സ്‌കൂൾ കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. 

ആർഇ ഉൾപ്പെടെയുള്ള കാര്യങ്ങൡ സാങ്കേതിക സംശയങ്ങൾ ഉണ്ടായിരുന്നു എന്നും ആദ്യഘട്ടത്തിലെ രൂപകൽപ്പനയ്ക്ക് ശേഷം വരുത്തിയ ചില മാറ്റങ്ങൾ നിലവിലുള്ള എഎസ് ഇൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ 6ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ തൃശൂരിൽ സന്ദർശനം നടത്തുമ്പോൾ അദ്ദേഹവുമായി സംസാരിച്ച് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അഞ്ചരകോടി രൂപ ചിലവിൽ നിർമ്മിക്കുന്ന സ്‌കൂൾ കെട്ടിടങ്ങളുടെ ടെണ്ടർ നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, എക്‌സിക്യൂട്ടിവ് എഞ്ചിനീയർ, മറ്റ് ഉദ്യോഗസ്ഥർ, സ്‌കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ എന്നിവർ സ്ഥലത്തെത്തിയിരുന്നു.

സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നുകോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ട് മൂന്ന് മാസമായിരുന്നു. 



Post a Comment

0 Comments