പട്ടിക്കാട്. തമ്പുരാട്ടിപ്പടി സർവ്വീസ് റോഡ് നിർമ്മാണം സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് കരാർ കമ്പനി കൈയൊഴിഞ്ഞതോടെ സർവ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കിയിരിക്കുകയാണ് പ്രദേശവാസികൾ. ഇതോടെ തെക്കുംപാടം, മയിലാട്ടുംപാറ, വഴുക്കുംപാറ തുടങ്ങിയ വാർഡുകളിലെ ജനങ്ങൾ അനുഭവിച്ച യാത്ര ദുരിതത്തിന് താൽക്കാലിക പരിഹാരമായി. ദേശീയപാതയോട് ചേർന്നായതുകൊണ്ട് മറ്റു വാഹനങ്ങൾ ഇവിടെ പാർക്കിങ് നടത്താതിരിക്കാൻ പീച്ചി പോലീസിന്റെ നേതൃത്വത്തിൽ 'നോ പാർക്കിങ്' ബോർഡുകളും പ്രദേശത്ത് സ്ഥാപിച്ചു. ഇതോടെ സുരക്ഷിതമായി ഇതുവഴി കടന്നുപോകാം എന്ന ആശ്വാസത്തിലാണ് ജനങ്ങൾ.
സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി കൺവീനർ സി.എം. ദാമോദരൻ, പഞ്ചായത്തംഗം എം.ജെ അനീഷ്, മുരളി പട്ടിയിൽ, സാബു എടപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ദേശീയപാത പ്രൊജക്ട് ഡയറക്ടർ, പീച്ചി സ്‌റ്റേഷൻ എസ്.ഐ എന്നിവർക്ക് മാസ്സ് പെറ്റീഷൻ നൽകിയിരുന്നു. എന്നാൽ തമ്പുരാട്ടിപടി സർവ്വീസ് റോഡ് പദ്ധതി ചെയ്ഞ്ച് ഓഫ് സ്‌കോപ്പിൽ ആണെന്നും ഡൽഹിയിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമെ സർവ്വീസ് റോഡ് നിർമ്മാണം ആരംഭിക്കാൻ സാധിക്കു എന്നും ദേശീയപാത അധികൃതർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതും റോഡ് സഞ്ചാരയോഗ്യമാക്കിയതും.


0 Comments