പട്ടിക്കാട്. വഴുക്കുംപാറ മേൽപ്പാതയിലുണ്ടായ വിള്ളൽ സംബന്ധിച്ച് തിങ്കളാഴ്ച കളക്ടറേറ്റിൽ ഉന്നത തലയോഗം ചേരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഹൈവേ അതോറിറ്റിയുടെ പ്രധാന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് മുൻപായി കളക്ടർ, കമ്മീഷണർ എന്നിവർ കൂടിയാലോചിച്ച ശേഷം മറ്റൊരു അതോറിറ്റിയെ കൊണ്ട് സമാന്തരമായി സുരക്ഷാ കാര്യങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകുമെന്നും പാതയിൽ വിള്ളലുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം ടി.എൻ. പ്രതാപൻ എംപി, ജില്ലാ കലക്ടർ വി.ആർ. കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രദേശത്ത് റീടെയ്‌നിംഗ് വാൾ നിർമ്മിക്കാൻ നിർദ്ദേശം നൽകുമെന്ന് സംഘം വ്യക്തമാക്കി. അശാസ്ത്രീയമായ നിർമാണമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും ജനങ്ങൾക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തണമെന്നും ടി.എൻ. പ്രതാപൻ എംപി പറഞ്ഞു. നിർമ്മാണ കമ്പനി പ്രതിനിധി അജിത് പ്രസാദ്, ദേശീയപാത അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവരും സ്ഥലത്ത് ഉണ്ടായിരുന്നു.


0 Comments