കല്ലിടുക്കിൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ച സ്ഥാപന ഉടമയിൽ നിന്ന് പിഴ ഈടാക്കി


പട്ടിക്കാട്. ദേശീയപാതയോരത്ത് കല്ലിടുക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച സ്ഥാപന ഉടമയിൽ നിന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ പിഴ ഈടാക്കി. കാളത്തോട് സ്വദേശിയിൽ നിന്നാണ് പതിനായിരം രൂപ പിഴ ഈടാക്കിയത്. 

സർവ്വീസ് റോഡിനോട് ചേർന്ന് വർക്ക്‌ഷോപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം വൃത്തിയാക്കുന്നതിനിടെയാണ് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചത്. ശക്തമായി പുക ഉയർന്നതിനെ തുടർന്ന് സമീപവാസികൾ വാർഡ് മെമ്പർ ഇ.ടി. ജലജനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടനെ പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോണും, വാർഡ് മെമ്പറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. 

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം മാലിന്യ നിർമാർജന പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതോടനുബന്ധിച്ച് പാണഞ്ചേരി പഞ്ചായത്തിൽ ഹരിത സഭ ചേർന്ന് 23 വാർഡിലും സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും ഓരോ വാർഡിലും മാലിന്യ മുക്ത പ്രവർത്തനങ്ങൾ ജാഗ്രതയോടെ നടന്നുവരുന്നതായും പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ദേശീയപാതയോരത്ത് സാമൂഹ്യവിരുദ്ധർ നടത്തിയ മാലിന്യ നിക്ഷേപങ്ങൾ പഞ്ചായത്തിന് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും ഇത്തരക്കാർക്കെതിരെ കർശന നടപടികളുമായി പീച്ചി പോലീസും പഞ്ചായത്ത് അധികൃതരും മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.



Post a Comment

0 Comments