ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പീച്ചി മണ്ഡലത്തിൽ സന്ദർശനം നടത്തി


പട്ടിക്കാട്. നരേന്ദ്രമോദി സർക്കാരിന്റെ 9-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സമ്പർക്ക് സേ സമർഥൻ പരിപാടിയുടെ ഭാഗമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പീച്ചി മണ്ഡലത്തിൽ സന്ദർശനം നടത്തി. 

ആൽപ്പാറ വാരിയത്തുപടിയിൽ കെ. രാഘവന്റെ വസതിയിൽ ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം എത്തിയത്. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന ജനക്ഷേമ പദ്ധതികളെക്കുറിച്ച് ഒരു അവബോധം ജനങ്ങളിൽ ഉണ്ടാക്കുകയാണ് സമ്പർക്ക പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ മികച്ച ഭരണത്തിന്റെ ഭാഗമായി ലോകരാഷ്ട്രങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിയും വിധം ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഭാരതം വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ 93 ശതമാനം സമ്പത്ത് കൈകാര്യം ചെയ്യുന്ന രാജ്യങ്ങളുടെ ഉന്നതതല സമിതിയായ ജി20 യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി എത്തിയത് ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകൾ, കേരളത്തിലെ ഗ്രാമീണ റോഡുകൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയവയുടെ വികസനത്തിലും നരേന്ദ്രമോദി സർക്കാർ നൽകിയ സംഭാവന അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുക്കുന്നതായും കുമ്മനം രാജശേഖരൻ പറഞ്ഞു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ പൂശ്ശേരി, അജി താളിക്കോട്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, ജില്ലാ സെക്രട്ടറി എൻ.ആർ. റോഷൻ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എൻ.എച്ച് എന്നിവർ ഒപ്പമുണ്ടായിരുന്നു.



Post a Comment

0 Comments