കണ്ണാറ. കനത്ത മഴ ആരംഭിച്ചതോടെ പീച്ചി ഡാം റോഡിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ഒരപ്പൻപാറക്ക് സമീപം കലുങ്ക് നിർമ്മാണം നടക്കുന്നിടത്താണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായത്. വെള്ളത്തിലൂടെ കടന്നു പോകാൻ ശ്രമിച്ച ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു.
മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് ഫെബ്രുവരിയിൽ ഒരപ്പൻ പാറയിൽ കലുങ്കിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ നാലുമാസം ആയിട്ടും ഈ ഭാഗത്തെ പണികൾ പൂർത്തിയാക്കാൻ നിർമ്മാണ കമ്പനിക്ക് സാധിച്ചിട്ടില്ല. റോഡിന്റെ ഒരു ഭാഗം മാത്രം സഞ്ചാരയോഗ്യമാക്കി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ആഴ്ചകളായി. നിലവിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നുമില്ല. വാരിയത്ത്പടിയിലാണ് ഇപ്പോൾ കാനകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുള്ളത്.
കഴിഞ്ഞദിവസം ആൽപ്പാറയിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. റോഡ് നിർമ്മാണത്തിലെ അപാകതയാണ് പ്രദേശത്തെ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. റോഡിന്റെ ഒരു ഭാഗം മാത്രം ടാറിങ് നടത്തി മഴവെള്ളം ഒഴുകി പോകുന്നതിന് തടസ്സം സൃഷ്ടിച്ചതാണ് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാക്കാൻ കാരണം.
ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയത തുടർന്നാൽ പീച്ചി ഡാം റോഡിൽ വെള്ളക്കെട്ട് രൂക്ഷമാവുകയും അത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് നാട്ടുകാർ പറഞ്ഞു.


0 Comments