കണ്ണാറ. മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് തൃശൂർ എക്‌സൈസ് നടത്തിയ റെയ്ഡിൽ കണ്ണാറ സ്വദേശിയായ യുവാവ് പിടിയിൽ. കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവ് മകൻ ശിവം കോലി (27) ആണ് മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി പിടിയിലായത്. കുട്ടികൾക്കിടയിൽ മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ രാത്രി സമയങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. സിന്തറ്റിക് ലഹരി വസ്തുക്കൾ വ്യാപകമായി വിപണനവും, ഉപയോഗവും നടത്തുന്നുണ്ട് എന്ന തൃശൂർ ഇന്റലിജൻസ് വിവരത്തിൽ തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസപെക്ടർ അബ്ദുൾ അഷ്‌റഫും പാർട്ടിയുമാണ് ഇയാളെ പിടികൂടിയത്.
കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് പിടിയിലായ ശിവംകോലി. ഇയാൾക്കെതിരെ മുൻപും മയക്കുമരുന്ന് കേസ്സുകൾ നിലവിലുണ്ട്. ഇയാൾ വിൽപ്പന നടത്തിയ മയക്കുമരുന്ന് ഉപഭോക്താക്കളായ യുവാക്കളെയും ഓപ്പറേഷൻ ഹോട്ട്‌സ് പോട്ടിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡ് സമയത്ത് ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് നൽകുന്ന വലിയ സംഘം ഉണ്ട്. പ്രതി അവർക്ക് വേണ്ടി കാരിയർ ആയും പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കഴിഞ്ഞ നവംബറിൽ കണ്ണാറ സെന്ററിൽ വെച്ച് ശിവം കോലി സഞ്ചരിച്ചിരുന്ന അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് വഴിയാത്രക്കാരിയായ തമിഴ്‌നാട് വിളുപ്പുരം മുരുകൻ ഭാര്യ ഭാനുമതി (32) മരിച്ചിരുന്നു.


0 Comments