പട്ടിക്കാട്. ചാണോത്ത് അച്ഛൻമാരുടെ ക്ഷേത്രത്തിന് സമീപത്ത് നിന്നു ആരംഭിക്കുന്ന ചരൽപറമ്പ റോഡ് തകർന്നത് പ്രദേശവാസികളെ ദുരതത്തിലാക്കി. ഒരു കിലോമീറ്ററോളം ദൂരം റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. റോഡിന്റെ ഒരുവശം സമീപത്തെ കാനയിലേയ്ക്ക് ഇടിഞ്ഞ് വീഴുന്നുമുണ്ട്. മഴ ആരംഭിച്ചതോടെ റോഡ് സഞ്ചാരയോഗ്യമല്ലാതായെന്ന് നാട്ടുകാർ പറഞ്ഞു. 50ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള റോഡാണിത്. എന്നാൽ റോഡിന്റെ തകർച്ച മൂലം ഓട്ടോറിക്ഷകൾ പ്രദേശത്തേക്ക് സർവ്വീസ് നടത്താൻ തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു. ഇതോടെ സ്‌കൂൾ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ഏറെ ദുരിതത്തിലാണ്.
റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യ സംഭവമായി മാറി. ഒരാഴ്ച മുൻപ് അപകടത്തിൽപ്പെട്ട കുട്ടിയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു. മറ്റൊരപകടത്തിൽ ഇരുചക്രവാഹനത്തിൽ നിന്നും വീണ വയോധികൻ മുന്ന് മാസത്തോളം ചികിത്സയിലുമായിരുന്നു. മാത്രമല്ല മഴക്കാലത്ത് വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിൽ നിന്നുള്ള ചെളിവെള്ളം വീടുകളിലേയ്ക്ക് തെറിച്ച് വീഴുന്നതായും നാട്ടുകാർ പറഞ്ഞു. റോഡിന്റെ തകർച്ച പരിഹരിക്കാൻ പഞ്ചായത്ത് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.
അതേസമയം റോഡ് റീടാറിങ് നടത്തുന്നതിനായി 202122 സാമ്പത്തിക വർഷത്തിൽ 4 ലക്ഷം രൂപയും, 2223 ൽ 7 ലക്ഷം രൂപയും എംഎൽഎ ഫ്‌ലഡ് ഫണ്ട് അനുവദിച്ചിരുന്നതായും പണികൾ ഏറ്റെടുത്ത് ചെയ്യാൻ കരാറുകാർ തയ്യാറാകാതിരുന്നതാണ് ടാറിങ് നടത്താൻ തടസ്സമായതെന്നും വാർഡ് മെമ്പർ സാവിത്രി സദാനന്ദൻ പറഞ്ഞു. 202324 സാമ്പത്തികവർഷം 750 മീറ്റർ ദൂരം റീടാറിങ് നടത്തുന്നതിന് പഞ്ചായത്ത് ഫണ്ടിൽ നിന്നും 8.5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും എസ്റ്റിമേറ്റ് എടുത്ത് തുടർ നടപടികൾ ആരംഭിച്ചതായും മെമ്പർ പറഞ്ഞു.


0 Comments