പട്ടിക്കാട്. ചുവന്നമണ്ണിൽ പൊതുമരാമത്തു റോഡ് തകർന്നത് വാഹനങ്ങളെയും, സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരെയും ഏറെ ദുരിതത്തിലാക്കി. ചുവന്നമണ്ണ് എൽപി സ്‌കൂളിനു മുന്നിൽ 3 മീറ്ററോളം വ്യാസമുള്ള 2 വലിയ കുഴികളാണു റോഡിന് നടുവിൽ രൂപപ്പെട്ടിട്ടുള്ളത്. നൂറ് മീറ്ററോളം ദൂരം പൂർണ്ണമായും തകർന്നു കിടക്കുകയാണ്. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. എൽപി സ്‌കൂളിലെയും പൂവൻചിറ ട്രൈബൽ സ്‌കൂളിലെയും വിദ്യാർഥികളായ കൊച്ചുകുട്ടികൾ ഉൾപ്പെടെയുളളവർ ഇതുവഴിയാണ് കടന്നുപോകുന്നത്. ചുവന്നമണ്ണ് മുതൽ പട്ടിക്കാട് വരെയുള്ള ബാസാർ റോഡ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചിരുന്നു. എന്നാൽ ഈ ഭാഗം മാത്രം നവീകരണത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി റോഡ് പൂർണ്ണമായും തകർന്നിട്ട്. പലതവണ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും റോഡിന്റെ തകർച്ച സംബന്ധിച്ച് വിവരം നാട്ടുകാർ ധരിപ്പിച്ചിരുന്നു. മഴക്കാലം ശക്തമായാൽ ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമാണെന്നും വാഹനങ്ങൾക്ക് ഏറെ കേടുപാടുകൾ സംഭവിക്കുന്നതായും സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു.


0 Comments