പട്ടിക്കാട്. പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികളുടെ പഠനത്തെ സഹായിക്കുന്നതിനും ലൈബ്രറി അടക്കം ഭാഷയും വായനയും പ്രോത്സാഹിപ്പിക്കുന്നതിനുമായി ചാണോത്ത് ആരംഭിച്ച വിജ്ഞാനവാടിയുടെ പ്രവർത്തനം നിലച്ചു. കൂടാതെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. എന്നിട്ടും പഞ്ചായത്ത് അധികൃതർ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂപ സർക്കാരിൽ നിന്നും ചെലവഴിച്ചാണ് രണ്ടാം വാർഡിൽ ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിൽ വിജ്ഞാനവാടിയുടെ പണി പൂർത്തീകരിച്ചത്. 2019 ഒക്ടോബർ മാസത്തിൽ വിജ്ഞാനവാടി പ്രദേശവാസികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. മാസങ്ങളോളം സുഗമമായി പ്രവർത്തിച്ചുവെങ്കിലും തുടർന്ന് പ്രവർത്തനങ്ങൾ താളം തെറ്റുകയായിരുന്നു. വിജ്ഞാന വാടിയുടെ പ്രവർത്തനത്തിനായി ഒരു വനിതാ ജീവനക്കാരി ഉണ്ടായിരുന്നെങ്കിലും മാസശമ്പളം ലഭിക്കാത്തതിനാൽ അവർ സേവനം നിർത്തി. ഇപ്പോൾ കമ്പ്യൂട്ടറുകളും, പ്രിന്ററുകളും, കസേരകളും, മേശകളും പൊടി പിടിച്ചും കെട്ടിടത്തിന് ചുറ്റും കാടുപിടിച്ചും കിടക്കുകയാണ്. നിരവധി വിദ്യാർഥികളുടെ പഠനത്തിന് സഹായകമായ വിജ്ഞാനവാടി തുടന്നു പ്രവർത്തിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് അടിയന്തരമായി സ്വീകരിക്കണമെന്നാണ് ഇപ്പോൾ പ്രദേശവാസികളുടെ ആവശ്യം.


0 Comments