വിസ തട്ടിപ്പ് കേസിലെ പ്രതിയെ പീച്ചി പോലീസ് പിടികൂടി


പട്ടിക്കാട്. ഹോങ്കോങ്ങ് ഇന്റർനാഷണൽ ടെർമിനലിലെ വിവിധ തസ്തികകളിലേക്ക്  ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞു വിസക്കായി ലക്ഷങ്ങൾ തട്ടിയ കേസിലെ രണ്ടാം പ്രതിയെ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം വാളയാറിൽ വച്ച് പിടികൂടി. ആൽപ്പാറ പയ്യാംകോട്ടിൽ സനീഷ് (44) നെയാണ് പീച്ചി പോലീസ് പിടികൂടിയത്.  

2021 ലാണ് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പീച്ചി പോലീസിൽ ആദ്യ പരാതി വരുന്നത്. പിന്നീട് 37 പേർ ഇതുമായി ബന്ധപ്പെട്ട് പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരിൽ നിന്നെല്ലാമായി 45 ലക്ഷത്തിലധികം രൂപയാണ് സനീഷും സുഹൃത്തും തട്ടിയെടുത്തിട്ടുള്ളത്. കേസിലെ സനീഷിന്റെ സുഹൃത്തും ഒന്നാം പ്രതിയുമായ ആൾ നിലവിൽ ഫിലിപ്പീൻസിലാണ്. സനീഷിനെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു. വ്യാജ സ്വർണം പണയം വെച്ച് കണ്ണാറ എസ്ബിഐ ബാങ്കിൽ നിന്ന് പണം തട്ടിയ കേസിലും, സ്‌ഫോടക വസ്തുക്കൾ കടത്തിയ കേസിലും, തിരുവനന്തപുരം എയർപോർട്ട് വഴി സ്വർണം കടത്തിയ കേസിലും, നിരവധി അടിപിടി കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സ്‌റ്റേഷൻ ഹൗസ് ഓഫീസറായി ഒരാഴ്ച മുൻപ് ചാർജെടുത്ത ബിപിൻ ബി നായരുടെ മുന്നിലുള്ള പ്രധാന കേസുകളിൽ ഒന്നായിരുന്നു ഇത്. ഇനി ഒന്നാം പ്രതിയിലേക്കുള്ള അന്വേഷണത്തിലാണ് പോലീസ്.

എസ്‌ഐ അജികുമാർ, സീനിയർ സിപിഒ മാരായ അജിത്ത്, ഫ്രിൻസൻ, സിപിഒ മാരായ സനിൽകുമാർ, റഷീദ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.



Post a Comment

0 Comments