ദമ്പതികളെ മർദ്ദിച്ച കേസിൽ യുവാക്കളെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു


പീച്ചി.
വിലങ്ങന്നൂരിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പീച്ചി സ്വദേശിയായ അഭിജിത്തിനെയും ഭാര്യയെയും ആക്രമിച്ച കേസിൽ രണ്ടുപേർ പീച്ചി പോലീസിന്റെ പിടിയിലായി. പട്ടിക്കാട് കല്ലിടുക്ക് ഓലിയാനിക്കൽ വിഷ്ണു, മാരായ്ക്കൽ പടിഞ്ഞാറയിൽ പ്രജോദ് എന്നിവരെയാണ് പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തത്. 

ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അഭിജിത്തും ഭാര്യയും ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ   മുമ്പ് സുഹൃത്തുക്കളായിരുന്ന വിണ്ഷു, പ്രജോദ്, ധനീഷ് എന്നിവർ ഹോട്ടലിൽ എത്തി. ഇവർ തമ്മിലുള്ള സൗഹൃദബന്ധം അവസാനിപ്പിച്ചതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സൗഹൃദം തുടരാൻ താല്പര്യമില്ലെന്ന് അറിയിച്ച് ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ച അഭിജിത്തിനെ മൂന്നുപേരും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പീച്ചീസ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ അഭിജിത്തിനെയും ഭാര്യയെയും അവിടെയെത്തിയ പ്രതികൾ വീണ്ടും മർദ്ദിക്കുകയും പീച്ചി റോഡ് ജങ്ഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതേ തുടർന്ന് പീച്ചി പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ ധനീഷ് ഒളിവിൽ ആണെന്നും കേസിൽ വേറെ പ്രതികൾ ഉണ്ടെന്നും ഇവർക്കു വേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്നും എസ്എച്ച്ഒ ബിപിൻ ബി നായർ പറഞ്ഞു. 

എഎസ്‌ഐ അജി, സിപിഒമാരായ മഹേഷ്, അഭിജിത്ത്, റഷീദ്, വിനീഷ്, ഹോംഗാർഡ് ഫിലിപ്പ്കുട്ടി എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.



Post a Comment

0 Comments