ചീനിക്കടവിൽ പൈപ്പ് ലൈൻ പണികൾക്കായി പഞ്ചായത്ത് റോഡ് പൊളിച്ചിട്ട് ആഴ്ച്ചകളായി; യാത്രക്കാർ ദുരിതത്തിൽ


കണ്ണാറ. തൃശ്ശൂർ കോർപ്പറേഷന് വേണ്ടി പുതിയതായി സ്ഥാപിക്കുന്ന പൈപ്പ് ലൈനിന്റെ പണികൾക്കായി ചീനിക്കടവിൽ പഞ്ചായത്ത് റോഡ് പൊളിച്ചിട്ടിട്ട് ആഴ്ചകളായി. ഇതുവരെ റോഡിലെ തടസ്സങ്ങൾ മാറ്റാനോ, ഗതാഗതയോഗ്യമാക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഇതുമൂലം സ്‌കൂൾ ബസുകൾക്ക് കടന്നുപോകാൻ കഴിയാത്തത് വിദ്യാർഥികളെയും ഏറെ വലയ്ക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. പൈപ്പ് ലൈൻ പണികളെ തുടർന്ന് ചെളിക്കുണ്ടായി മാറിയ റോഡിലെ കുഴിയിൽ വീണ് രണ്ടാഴ്ച മുൻപ് സ്‌കുട്ടർ യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു. സ്ത്രീകൾ അടക്കമുള്ള ഇരുചക്രവാഹന യാത്രക്കാർ ഇവിടെ നിരന്തരം അപകടത്തിൽപ്പെടുന്നതായും നാട്ടുകാർ പറഞ്ഞു. 

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എന്നാൽ ഇതുവരെ ഗതാഗത തടസം പരിഹരിക്കാൻ വേണ്ട നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. പൈപ്പ് ലൈൻ പണികൾ നടക്കുന്നതിനിടെ കെഎസ്ഇബിയുടെ കേബിൾ തകരാറിലായിരുന്നത് പുതിയ കേബിൽ സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചതായി ജീവനക്കാർ അറിയിച്ചു. എന്നാൽ കോർപ്പറേഷന്റെ പൈപ്പ് ലൈൻ പൊട്ടി വെള്ളം ഒഴുകുന്നത് പരിഹിക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല. 

കണ്ണാറയിൽ നിന്നും മഞ്ഞക്കുന്ന് തെക്കുംപാടം മയിലാട്ടുംപാറ എന്നീ സ്ഥലങ്ങളിലേയ്ക്കുള്ള പ്രധാന റോഡാണ് തകർന്നിട്ടുള്ളത്. മഴ തുടങ്ങിയാൽ ചെളി നിറഞ്ഞ പ്രദേശത്ത് എറെ അപകടസാധ്യതയാണ് ഉള്ളത്. പഞ്ചായത്ത് അധികൃതർ എത്രയും വേഗം ഇടപെട്ട് റോഡിന്റെ തകർച്ച പരിഹരിച്ച് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments