കൊടൈക്കനാലിൽ നിന്നും മോഷണം പോയ ബൈക്ക് പീച്ചി പോലീസ് പിടികൂടി


പട്ടിക്കാട്. കൊടൈക്കനാലിൽ നിന്നും മോഷണം പോയ യമഹ ആർ വൺ ഫൈവ് ബൈക്ക് പീച്ചി പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പിടികൂടി. മലപ്പുറം തിരൂർ തൃപ്പൻകോട് സ്വദേശിയായ മുഹമ്മദ് സാദിഖ് (23), പെരിഞ്ഞനം സ്വദേശി ജിതിൻ (19) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജിതിന്റെ പേരിൽ കൊടുങ്ങല്ലൂർ സ്‌റ്റേഷനിൽ മോഷണ കേസ് നിലനിൽക്കുന്നുണ്ട്. മോഷ്ടിച്ച വാഹനവുമായി യുവാക്കൾ പീച്ചി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പീച്ചി പോലീസ് സ്ഥലത്ത് എത്തിയെങ്കിലും യുവാക്കൾ 


അവിടെ നിന്നും രക്ഷപെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവർ താക്കോൽ നിർമ്മിക്കുന്നതിനായി നടത്തറയിൽ എത്തിയതായി വിവരം ലഭിച്ചു. കട ഉടമയുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ തന്ത്രപരമായി പിടിച്ചു നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷ്, എഎസ്‌ഐ ജയേഷ്, സിപിഒ മാരായ അഭിജിത്ത്, സജീഷ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാഹനത്തിന്റെ ഉടമ കൊടൈക്കനാൽ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. ബൈക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മുൻപ് കൊടൈക്കനാൽ പോലീസിന് പരാതിയും ലഭിച്ചിരുന്നു. കൊടൈക്കനാൽ പോലീസ് സ്‌റ്റേഷനിലെ റാം റാജ്, കാശിനാഥൻ, ശരവണൻ എന്നീ ഉദ്യോഗസ്ഥർ പീച്ചി സ്റ്റേഷനിൽ എത്തി പ്രതികളെ ഏറ്റെടുത്തു.



Post a Comment

0 Comments