ആവശ്യമെങ്കിൽ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്


പട്ടിക്കാട്. മതിൽ തകർന്ന് അപകടാവസ്ഥയിലായ കരിപ്പക്കുന്ന് അങ്കണവാടിക്ക് ആവശ്യമെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പറഞ്ഞു. കൽക്കട്ടും മതിലും നിർമ്മിക്കാനായി 8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ചിറക്കുന്ന് വാർഡിന്റെ ഗ്രാമസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് വൈസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. അങ്കണവാടി കെട്ടിടത്തിന്റെ വിള്ളൽ വീണ കൽക്കെട്ടും മതിലും മൂലം സമീപത്ത് താമസിക്കുന്ന കുടുംബങ്ങളും അപകട ഭീഷണിയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ബ്ലസൻ വർഗീസ് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. വാർഡ് മെമ്പർ ഗൗരവതരമായ ഇടപെടൽ നടത്താത്തതാണ് സാഹചര്യം ഗുരുതരമാക്കിയതെന്നും ബ്ലസൻ ആരോപിച്ചു. അങ്കണവാടിയുടെ സമീപത്തെ കുടുംബങ്ങളോട് മാറി താമസിക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ട്. എത്രയും വേഗം സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാമെന്നും വൈസ് പ്രസിഡന്റ്  ഉറപ്പ് നൽകി.



Post a Comment

0 Comments