മലയോര ഹൈവേ നിർമ്മാണം: ഉചിതമായ നഷ്ടപരിഹാരം ലഭിക്കാതെ ഭൂമി വിട്ടു നൽകില്ലെന്ന് നാട്ടുകാർ


പട്ടിക്കാട്. മലയോര ഹൈവേയുടെ രണ്ടാംഘട്ടം വിലങ്ങന്നൂരിൽ നിന്നും നിർമ്മാണം ആരംഭിക്കാത്തതുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് നാട്ടുകാരുമായി യോഗം ചേർന്നു. മലയോര ഹൈവേ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം കൊടുക്കുന്ന പതിവ് കേരളത്തിൽ എവിടെയും ഇല്ലെന്നും നിലവിൽ വീടിന്റെ മതിൽ പൊളിച്ചാൽ അത് കെട്ടിക്കൊടുക്കുക മാത്രമാണ് ചെയ്യുക എന്നും അധികൃതർ നാട്ടുകാരെ വീണ്ടും അറിയിച്ചു. എന്നാൽ നഷ്ടമാകുന്ന ഭൂമിക്ക് തതുല്യമായ നഷ്ടപരിഹാരത്തുക അനുവദിക്കാതെ ഭൂമി വിട്ട് നൽകില്ലെന്ന് നിലപാടിൽ നാട്ടുകാരും ഉറച്ചുനിന്നു. 


കാർഷിക ആദായം കൊണ്ട് ജീവിക്കുന്ന ആളുകളാണ് ഈ മേഖലയിൽ ഏറെയും. അതുകൊണ്ട് തന്നെ കൃഷിഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാത്തത് അംഗീകരിക്കാനാവില്ല എന്നും നാട്ടുകാർ പറഞ്ഞു. മറ്റു ജില്ലകളുമായി വിലങ്ങന്നൂർ മേഖലയെ താരതമ്യം ചെയ്യേണ്ട എന്നും അഞ്ചോ പത്തോ സെന്റ് സ്ഥലത്ത്  താമസിക്കുന്നവരാണ് ഇവിടെ ഉള്ളതെന്നും അവർക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപ്പാറ വ്യക്തമാക്കി. 

പഞ്ചായത്ത് പ്രസിഡന്റ്് പി.പി. രവീന്ദ്രൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ ബിന്ദു, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സൈനബ ഇ.പി,  കേരള റോഡ് ഫണ്ട് ബോർഡ് എ.ഇ മാക്‌സൻ പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുര്യൻ, അജിതാ മോഹൻദാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments