പട്ടിക്കാട്. പഞ്ചായത്ത് ബസ്റ്റാൻഡ് വഴി കടന്നു പോകാൻ പെർമിറ്റുള്ള പീച്ചി ഡാം റൂട്ടിലോടുന്ന എല്ലാ ബസ്സുകളും ഇതുവഴി നിർബന്ധമായും കടന്നു പോകണമെന്ന് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ പി. നായർ അറിയിച്ചു. എസ്എച്ച്ഒയുടെ സാന്നിധ്യത്തിൽ ബസ് ഉടമകളും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പീച്ചി ഡാം റൂട്ടിലോടുന്ന ബസ്സുകൾ പഞ്ചായത്ത് ഓഫീസ് പരിസരം വഴി കടന്നു പോകുന്നില്ലെന്ന് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ചർച്ച നടത്തിയത്. ബസ്സുടമകൾ പങ്കെടുത്ത യോഗത്തിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പി.പി. സരുൺ, പ്രസിഡന്റ് ജിനു റെജി, യദു, സുനിത, വൈഷ്ണ, സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി.ജെ അജി എന്നിവർ പങ്കെടുത്തു.


0 Comments