പട്ടിക്കാട് സ്‌കൂൾ ഗ്രൗണ്ടിലെ സ്‌റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് രണ്ടര മാസം


പട്ടിക്കാട്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നു കോടി രൂപ ചെലവിൽ പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ  ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഫ്‌ലഡ് ലൈറ്റ് സ്‌റ്റേഡിയത്തിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചിട്ട് രണ്ടര മാസം കഴിഞ്ഞു. ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് സംരക്ഷണഭിത്തിയും ഇരിപ്പിടവും നിർമ്മിക്കുന്നതിന് വേണ്ടി കരിങ്കല്ല് ഉപയോഗിച്ച് കെട്ടുന്ന നിർമ്മാണ പ്രവർത്തനം ഏകദേശം പൂർത്തിയായി. വടക്കുഭാഗത്ത് കനാലിനോട് ചേർന്ന് മണ്ണെടുത്തു മാറ്റുകയും അവിടെ കരിങ്കൽ ഭിത്തിയുടെ നിർമ്മാണം പകുതിയോളം പൂർത്തിയായിട്ടുണ്ട്. എന്നാൽ സ്‌റ്റേഡിയത്തിന്റെ ഇരിപ്പിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം നിരവധി പണികൾ ഇനിയും നടക്കാനുണ്ട്. ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന സ്‌റ്റേഡിയത്തിലെ ഇലവൻസ് മഡ് ഫുട്‌ബോൾ കോർട്ട്, ഓപ്പൺ ജിം, ഓഫീസ് ബിൽഡിംഗ്, ടോയ്‌ലറ്റ് ആന്റ് ഡ്രസ്സ് ചെയിഞ്ചിംഗ് റൂം മറ്റ് അനുബന്ധ സിവിൽ ഇലക്ട്രിക്കൽ എന്നീ പണികളാണ് പ്രധാനമായും ആരംഭിക്കുന്നത്. സ്‌റ്റേഡിയം അടുത്തവർഷം മെയ് മാസത്തോടെ പ്രവർത്തനസജ്ജമാകുമെന്നാണ് ഡിസംബർ രണ്ടിന് നടന്ന തറക്കല്ലിടൽ ചടങ്ങിൽ മന്ത്രി കെ രാജൻ അറിയിച്ചിരുന്നത്. അതേസമയം കരാറുകാരന് സർക്കാരിൽ നിന്നും പണം കിട്ടാത്തതുകൊണ്ടാണ് പണികൾ നിർത്തിവച്ചിട്ടുള്ളത് എന്നാണ് സൂചന. കൂടാതെ നിലവിലെ എസ്റ്റിമേറ്റ് റിവേഴ്‌സ് ചെയ്യുന്നതിനായി സർക്കാർ സമർപ്പിച്ചിട്ടുണ്ടെന്നും പറയുന്നു.



Post a Comment

0 Comments