ചെമ്പൂത്രയിൽ ദേശീയപാതയിൽ വിള്ളൽ: ഉടായിപ്പ് പണിയുമായി നിർമ്മാണ കമ്പനി


പട്ടിക്കാട്. ദേശീയപാതയിൽ ചെമ്പൂത്ര പെട്രോൾ പമ്പിന് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടു. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് വിള്ളൽ രൂപപ്പെട്ടത്. എന്നാൽ ശാസ്ത്രീയമായ നിലയിൽ അറ്റകുറ്റ പണികൾ നടത്താതെ ടാർ മിശ്രിതം കുപ്പിയിലാക്കി ഒഴിച്ച് വിള്ളൽ അടയ്ക്കുന്ന പരിപാടിയാണ് നിർമ്മാണ കമ്പനി ഇവിടെ ചെയ്യുന്നത്. വിള്ളൽ വീണ ഭാഗത്ത് മിശ്രിതം ഒഴിച്ച് പൊടിയും വിതറി സ്ഥലം വിടുന്നതാണ് നിർമ്മാണ കമ്പനി ഇപ്പോൾ ദേശീയപാതയിലുടനീളം ചെയ്തുവരുന്നത്. വഴുക്കുംപാറ മേൽപ്പാതയിൽ വിള്ളൽ ഉണ്ടായപ്പോഴും ഇതുതന്നെയായിരുന്നു നിർമ്മാണ കമ്പനിയുടെ പരിപാടി.

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കേണ്ടതിന് പകരം ഇത്തരത്തിലുള്ള ഉടായിപ്പ് പണികൾ ചെയ്യുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു. അധികൃതർ ഇക്കാര്യത്തിൽ ഗൗരവപരമായ സമീപനം സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് അത് വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.



Post a Comment

0 Comments