മേൽപ്പാതയിലെ വിള്ളൽ; റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി


കുതിരാൻ. ദേശീയപാതയിലെ വഴക്കുംപാറ മേൽപ്പാതയിൽ ഉണ്ടായ വിള്ളൽ അതീവ അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ഈ ഭാഗത്ത് കരാർ കമ്പനി റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിള്ളൽ ഉണ്ടായ ഭാഗം പൂർണമായും പൊളിച്ചു നീക്കി വീണ്ടും പാർശ്വഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തി റോഡ് പുനർ നിർമ്മിക്കുന്ന പണികളാണ് തുടങ്ങിയിട്ടുള്ളത്. വിള്ളലിന്റെ വ്യാപ്തി ദിവസം തോറും വർധിക്കുകയും വലിയ ഭീഷണിയായി മാറുകയും ചെയ്തതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചേക്കുമെന്ന വാർത്തകൾ ദേശീയതലത്തിൽ തന്നെ ചർച്ചയാവാൻ തുടങ്ങിയിരുന്നു. 

വ്യാഴാഴ്ച ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ, സിറ്റി പോലിസ് കമ്മീഷണർ അങ്കിത് അശോകൻ തുടങ്ങിയവർക്കൊപ്പം മന്ത്രി കെ രാജൻ കുതിരാൻ ഹൈവേയിൽ വിള്ളലുണ്ടായ പ്രദേശം സന്ദർശിച്ചിരുന്നു. റോഡ് ഇടിഞ്ഞുതാഴാൻ തുടങ്ങിയതോടെ  പാതയിൽ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂർണമായി നിർത്തിവയ്ക്കാനും ഉടൻ തന്നെ റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനും മന്ത്രി നിർദ്ദേശം നൽകി. റോഡിലെ വിള്ളലുണ്ടായ ഭാഗം കരാറുകാർ സ്വന്തം ചെലവിൽ പൂർണമായും പൊളിച്ചുമാറ്റിയ ശേഷം പുനർനിർമിക്കാൻ ഇതുമായി ബന്ധപ്പെട്ട് നേരത്തേ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ദേശീയപാത അതോറിറ്റിക്ക് പുറമെ, റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി ഉൾപ്പെടെയുള്ള ഏജൻസികൾ നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.




Post a Comment

0 Comments