കണ്ണാറ. വെറ്റിലപ്പാറ ഒരപ്പൻകെട്ട് റോഡിൽ ഉണങ്ങിയ ഈട്ടിമരം കടപുഴകി വീണു. നിരവധി സ്‌കൂൾ വിദ്യാർത്ഥികളും ഒരപ്പൻകെട്ടിലേയ്ക്കുള്ള വിനോദ സഞ്ചാരികളും കടന്നുപോകുന്ന വഴിയരികിൽ നിന്ന മരമാണ് വീണത്. ഈസമയം ഇതുവഴി ആരും കടന്നുപോകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കിയതായി വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. മരം വീഴുന്നതിന് തൊട്ടു മുൻപായി വീഡിയോ ചിത്രീകരിക്കാൻ എത്തിയ ഒരു സംഘവും, ഒരു ബൈക്ക് യാത്രക്കാരനും ഇതുവഴി കടന്നുപോയതായും തലനാരിഴയ്ക്കാണ് ഇവർ രക്ഷപെട്ടതെന്നും മെമ്പർ പറഞ്ഞു. മരം വീണ് കെഎഫ്ആർഐ യുടെ മതിൽ തകർന്നിട്ടുണ്ട്.
അപകട ഭീഷണിയായി നിൽക്കുന്ന മരം മുറിച്ച് നീക്കാൻ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നിരവധി പരാതികളാണ് വനം വകുപ്പ് അധികൃതർക്കും താലൂക്കിലും പഞ്ചായത്തിലും നൽകിയത്. എന്നാൽ വനം വകുപ്പ് അധികൃതർ മരത്തിന് ലക്ഷങ്ങൾ വിലയിട്ടതോടെ ടെൻഡർ നടപടികൾക്ക് ആരും മുന്നോട്ട് വരാതായി. മരം കടപുഴകി വീണതോടെ ഭയപ്പെടാതെ ഇതുവഴി കടന്നുപോകാമെന്ന ആശ്വാസത്തിലാണ് ഇപ്പോൾ പ്രദേശവാസികൾ. വാർഡ് മെമ്പർ സ്ഥലത്തെത്തി മരം വീണ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.


0 Comments