തൃശൂർ. തൃശൂർ പൂരം എല്ലാ ആഴ്ചയിലും ആസ്വദിക്കാൻ വഴിയൊരുങ്ങുന്നു. തെക്കേ ഗോപുരനടയിൽ തൃശൂർ പൂരത്തിന്റെ പ്രതിവാര ത്രീഡി ലേസർ ഷോ പ്രദർശിപ്പിക്കാനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം പട്ടികജാതി പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ദേവസ്വം, ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്) തയ്യാറാക്കിയ സാംപിൾ വീഡിയോ പ്രദർശിപ്പിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ എല്ലാ ശനിയാഴ്ചകളിലും ഷോകൾ നടത്താനാണ് പദ്ധതി. സിൽക്കാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 20 മിനിറ്റിലേറെ നീണ്ടു നിൽക്കുന്ന ലേസർ ഷോയിൽ 10 എച്ച്ഡി പ്രൊജക്ടറുടെ സഹായത്തോടെ കുടമാറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെട്ട് ഉൾപ്പെടെ കൊടിയേറ്റം മുതൽ ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെയുള്ള പൂരത്തിന്റെ എല്ലാ ചടങ്ങുകളും അതിമനോഹരമായി ലേസർഷോയിലൂടെ പുനർജനിക്കും. പൂരത്തിന്റെയും വടക്കും നാഥൻ ക്ഷേത്രത്തിന്റെയും ചരിത്രവും ഷോയിൽ ഉൾപ്പെടുത്തും. മൂന്നര കോടി രൂപയോളം ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതിക്ക് ടൂറിസം വകുപ്പാണ് ഫണ്ട് ലഭ്യമാക്കുക.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മേയർ എം കെ വർഗീസ്, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം കെ സുദർശൻ, അംഗങ്ങളായ എം ബി മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, ദേവസ്വം ബോർഡ് സെക്രട്ടറി പി ബിന്ദു, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദർ മേനോൻ, സെക്രട്ടറി കെ ഗിരീഷ് കുമാർ, ടൂറിസം ഡിഡി സുബൈർ കുട്ടി, ഡിടിപിസി സെക്രട്ടറി ഡോ. ജോബി ജോർജ്, സിൽക്ക് എംഡി ടി ജി ഉല്ലാസ് കുമാർ, മറ്റു ദേവസ്വം ഭാരവാഹികൾ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, സിൽക്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments