മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം: സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി


പട്ടിക്കാട്. മണിപ്പൂരിലെ സമാധാന അന്തരീക്ഷം  തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും സമാധാനം പുനസ്ഥാപിക്കാനോ ജനങ്ങളെ ആശ്വസിപ്പിക്കാനോ ഒരു ചെറുവിരൽ പോലും അനക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് ആരോപിച്ച് സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം രാജ്യത്ത് എല്ലാ കേന്ദ്രങ്ങളിലും മണിപ്പൂർ ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ യോഗം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും ബിജെപി ഗവൺമെന്റും നടപ്പാക്കുന്ന പ്രത്യേക അജണ്ടയുടെ ഭാഗമായി മാത്രമേ മണിപ്പൂർ സംഭവത്തെ കാണാൻ കഴിയൂ എന്നും മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നിട്ടും കേന്ദ്ര ഗവൺമെന്റിന്റെ മൗനം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്കൽ കമ്മിറ്റി അംഗം വി.ജെ. ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ വി.എ. മൊയ്ദീൻ, ജിനേഷ് പീച്ചി, ഡോ. പ്രദീപ് കുമാർ, കെ.വി. ലളിത, രമ്യ രാജേഷ്, നിജു, മുഫസീന തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷേധ പ്രകടനത്തിന്  ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, വിവിധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments