മണിപ്പൂർ കലാപം: അഭയാർത്ഥികൾക്ക് സഹായവുമായി വൈഎംസിഎ പാണഞ്ചേരി യൂണിറ്റ്


പട്ടിക്കാട്. വൈഎംസിഎ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സേവ് മണിപ്പൂർ എന്ന ക്യാമ്പയിന്റെ ഭാഗമായി വൈഎംസിഎ പാണഞ്ചേരി യൂണിറ്റ് മണിപ്പൂരിലെ അഭയാർത്ഥികൾക്കുള്ള സഹായം കൈമാറി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പൂരിലെ കലാപം നിയന്ത്രിക്കാൻ മുൻകൈ എടുക്കുന്നില്ലെന്നും വീടുകൾ ഉപേക്ഷിച്ച് പാലായനം ചെയ്തവർ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ഇല്ലാതെ അഭയാർത്ഥി ക്യാമ്പുകളിൽ ബുദ്ധിമുട്ടുകയാണെന്നും യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഗീവർഗീസ് പറഞ്ഞു. യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ മുപ്പതിനായിരം രൂപ വിലമതിക്കുന്ന വസ്ത്രങ്ങളാണ് ശേഖരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശേഖരിച്ച വസ്ത്രങ്ങൾ പാണഞ്ചേരി യൂണിറ്റ് അംഗങ്ങൾ റീജിനൽ വൈഎംസിഎ നേതൃത്വത്തിന് കൈമാറി. ഇവ ജൂലൈ 17ന് മണിപ്പൂരിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂർ ജില്ലയിലെ 26 യൂണിറ്റുകൾ ഉൾപ്പെടെ കേരള റീജിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 560 യൂണിറ്റുകളിൽ നിന്നും വസ്ത്രങ്ങൾ ശേഖരിച്ച് കൈമാറുന്നുണ്ട്. സെക്രട്ടറി സി.വി. ഔസേപ്പ്, മുൻ പ്രസിഡന്റുമാരായ ബാബുകൊള്ളന്നൂർ, വി.സി. മാത്യു, വൈസ് പ്രസിഡന്റ് സനീഷ് പൗലോസ്, മുൻ സെക്രട്ടറി റോയ് മാത്യു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments