പട്ടിക്കാട്. ദേശീയപാതയിൽ പീച്ചി റോഡ് ജങ്ഷനിലെ മേൽപ്പാലത്തിലും പൊളിച്ചു പണി തുടങ്ങി. മേൽപ്പാലത്തിലെ എക്‌സ്പാൻഷൻ ജോയിന്റിന്റെ നിർമ്മാണത്തിലെ തകരാർ പരിഹരിക്കാനാണ് ഇപ്പോൾ കരാർ കമ്പനി ആ ഭാഗം പൊളിച്ചുമാറ്റി വീണ്ടും കോൺക്രീറ്റിംഗ് നടത്താൻ ഒരുങ്ങുന്നത്. ഇതിനായി തൃശൂർ ഭാഗത്തേക്കുള്ള ട്രാക്കിൽ ഗതാഗതം നിയന്ത്രിച്ചു. ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പട്ടിക്കാട് ജങ്ഷനിലെ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും പതിവായിരുന്നു. മഴ ശക്തമായതോടെ തകരാർ ഗുരുതരമായതിനെ തുടർന്നാണ് ഇപ്പോൾ പൊളിച്ചു പണിക്ക് തയ്യാറായിരിക്കുന്നത്. വഴുക്കുംപാറ മേൽപ്പാതയിലെ വിള്ളൽ ഇപ്പോൾ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മറച്ചിരിക്കുകയാണ്. മാസങ്ങളായി ഒരു ട്രാക്കിലൂടെ മാത്രമാണ് ഇവിടെയും വാഹനങ്ങൾ കടത്തിവിടുന്നത്. വടക്കുഞ്ചേരി, മണ്ണുത്തി, പട്ടിക്കാട് തുടങ്ങി ദേശീയപാതയിലെ മിക്കവാറും എല്ലാ മേൽപ്പാതകളിലും നിരന്തരം പൊളിച്ചു പണികളാണ്. ഇതുമൂലം ടോൾ കൊടുത്ത് വന്നാലും തടസ്സമില്ലാതെ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. മേൽപ്പാലത്തിലെ എക്‌സ്പാൻഷൻ ജോയിന്റുകളിൽ വർഷംതോറും പൊളിച്ചു പണികൾ ആവശ്യമായി വരും എന്നാണ് കരാർ കമ്പനി അധികൃതർ നൽകുന്ന വിശദീകരണം.


0 Comments