ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ്; സ്ഥാപന ഉടമയെ റിമാൻഡ് ചെയ്തു


തൃശൂർ. വിയ്യൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചു വരുന്ന ഇമ്മട്ടി ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ചേറൂർ ഇമ്മട്ടി വീട്ടിൽ ബാബുവിനെയാണ് വിയ്യൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഫിനാൻസ് സ്ഥാപനത്തിന്റെ മറവിൽ വീട് വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ലോൺ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കുകയും അതിനായി ഡെപ്പോസിറ്റ് സ്വീകരിച്ച് തട്ടിപ്പ് നടത്തുകയുമായിരുന്നു. തൃശൂരിലെ പ്രമുഖ ആശുപത്രി ജീവനക്കാരിയിൽ നിന്ന് ഇത്തരത്തിൽ അഞ്ച് ലക്ഷം രൂപയും തൃത്താലയിലുള്ള സ്ത്രീയിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപയും ഡെപ്പോസിറ്റ് വാങ്ങി വഞ്ചിച്ചതിനെ തുടർന്ന് ലഭിച്ച പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. നിരവധി തവണ പണം ആവശ്യപ്പെട്ടെങ്കിലും നൽകാതെ ഒടുവിൽ സ്ഥാപനം അടച്ചുപൂട്ടി പോകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ രേഖകൾ രഹസ്യമായി കടത്തികൊണ്ടുപോകാൻ വന്ന വിവരം അറിഞ്ഞ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഎസ്‌ഐ ജിനികുമാർ, ജിഎഎസ്‌ഐ സുനിൽകുമാർ, സിപിഒ മാരായ അനീഷ്, ടോമി, ശ്രുതീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.



Post a Comment

0 Comments