പട്ടിക്കാട്. ചെന്നായ്പ്പാറ സ്വദേശി കിരൺ ബാബുവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പീച്ചി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കണ്ണാറ ആപൂക്കാരൻ വീട്ടിൽ റൊണാൾഡോ (31), ഒരപ്പൻപാറ പൈങ്കനാൽ വീട്ടിൽ സിബിൻ (28) എന്നിവരെയാണ് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ കണ്ണാറ സ്വദേശി കരുമാടി എന്ന രമേഷ് (31) ഒളിവിലാണ്.
ജൂലൈ 11 ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹനക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കിരൺ ബാബുവിന്റെ മുൻ സുഹൃത്തുക്കളായ റൊണാൾഡോയും സിബിനും ചെന്നായ്പ്പാറയിലുള്ള വീട്ടിൽ എത്തിയത്. വീടിന്റെ സിറ്റൗട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയ പ്രതികൾ കിരൺ ബാബുവിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചവിട്ടുകയും ചെയ്തു. ഇതിനിടെ ഒന്നാം പ്രതി കിരൺ ബാബുവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. എസ്‌ഐ അജികുമാർ, സിപിഒ മാരായ മഹേഷ്, കിരൺ, രഞ്ജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.


0 Comments