പട്ടിക്കാട്. പാണഞ്ചേരി, പീച്ചി വില്ലേജ് ഓഫീസുകളിൽ കരം അടയ്ക്കാൻ കഴിയാതെ വലയുകയാണ് പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾ. ഓഫീസുകളിൽ രസീത് ബുക്കില്ലാത്തതാണ് കരം അടയ്ക്കാൻ കഴിയാത്തതിന് കാരണം. പ്രശ്‌നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് യുഡിഎഫ് മെമ്പർമാർ പ്രതിഷേധവുമായി രംഗത്തെത്തി.
കരം അടയ്ക്കാൻ കഴിയാതായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആയിരക്കണക്കിന് ജനങ്ങൾ വലിയ പ്രതിസന്ധിയിലായി. കാർഷിക ആവശ്യങ്ങൾക്കുള്ള വളം സബ്‌സിഡി ലഭിക്കുന്നതിനും, കാർഷിക ലോൺ പുതുക്കുന്നതിനും, വിദ്യാഭ്യാസ ലോണുകൾക്കുമെല്ലാം ഇത് വലിയ തടസ്സമായി മാറി. മാസങ്ങളായി ഇതുമൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നതായി യുഡിഎഫ് മെമ്പർമാർ പറഞ്ഞു.
റവന്യൂവകുപ്പ് മന്ത്രി കെ. രാജന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട പാണഞ്ചേരി, പീച്ചി വില്ലേജ് ഓഫീസുകളിൽ ഇത്തരം സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മെമ്പർമാർ പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാരായ ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, സുശീല രാജൻ, ഷൈജു കുര്യൻ, സി.എസ്. ശ്രീജു എന്നിവർ ചേർന്ന് വില്ലേജ് ഓഫീസർമാരെ നേരിൽകണ്ട് പരാതികൾ സമർപ്പിച്ചു. തുടർന്ന് തഹസ്സിൽദാരുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് പീച്ചി വില്ലേജിലേയ്ക്ക് ഒരു രസീത് ബുക്ക് അടിയന്തരമായി നൽകാമെന്ന് ഉറപ്പ് ലഭിച്ചതായും അവർ പറഞ്ഞു.


0 Comments