പട്ടിക്കാട്. ചാത്തംകുളം നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ ആരംഭിക്കുമെന്ന് കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ പ്രതിനിധികൾ അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ സാന്നിധ്യത്തിൽ കെഎൽഡിസി ചീഫ് എഞ്ചിനീയർ ശാലിനി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അനു, അസിസ്റ്റന്റ് എഞ്ചിനീയർ അജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വാർഡ് മെമ്പർ ആരിഫ റാഫി എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിലാണ് കമ്പനി പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.
നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായതായും, പീച്ചി വാഴാനി ടൂറിസം കോറിഡോർ കടന്നുപോകുന്ന ഭാഗം എന്ന നിലയ്ക്ക് മറ്റു സാധ്യതകളും പരിശോധിക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചു. രണ്ട് കോടി രൂപയാണ് പ്രവർത്തികൾക്കായി അനുവദിച്ചിട്ടുള്ളത്. കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല.


0 Comments