ചുവന്നമണ്ണ്. മേലേച്ചിറ പരേതനായ പാറയ്ക്കപ്പടവിൽ ദാവീദിന്റെ കുടുംബത്തിന് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി പുനർനിർമ്മാണം പൂർത്തീകരിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം പീച്ചി പോലീസ് എഎസ്‌ഐ ജയേഷ് നിർവഹിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടതാണ് ഈ കുടുംബം. മാസംതോറും ആയിരം രൂപയുടെ ഭക്ഷ്യവസ്തുക്കൾ സെറാഫ്‌സ് ഈ കുടുംബത്തിന് നൽകുന്നുണ്ട്. 90 വയസ്സുള്ള വൃദ്ധമാതാവും 60 വയസ്സുള്ള അവിവാഹിതയായ മകളും മകന്റെ കുടുംബവും ഉൾപ്പെടെ 7 പേരാണ് മേൽക്കൂര തകർന്ന്, എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. പുതിയ മേൽക്കൂര നിർമിച്ചും ആവശ്യമായ മറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ചെലവിൽ വീട് സുരക്ഷിതവും വാസയോഗ്യവുമാക്കി നൽകി. സെറാഫ്‌സ് വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ അബ്രഹാം നാഞ്ചിറ, ബോർഡ് മെമ്പർമാരായ ഈശോ ജോയ് പ്ലാമൂട്ടിൽ, സി.പി അനിൽ, ടി.എസ് ഷാജി, ബെന്നി തുരുത്താട്ടിൽ, സെക്രട്ടറി ബിനോയ് മേക്കാട്ടിൽ എന്നിവർ പങ്കെടുത്തു.


0 Comments