പട്ടിക്കാട്. മണിപ്പൂരിൽ വനിതകളെ നഗ്‌നരാക്കി തെരുവിൽ വലിച്ചിഴച്ച് കൂട്ട ബലാൽസംഗം നടത്തിയ ഭീകരതക്കെതിരെ ജനാധിപത്യമഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം പൊതുയോഗവും നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
ലോകത്തിനു മുന്നിൽ ഇന്ത്യയെ അപഹാസ്യമാക്കുന്ന തരത്തിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന ക്രൂരതകൾ ഭയാനകമാണ്. മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ അതിഭീകരമായ അതിക്രമങ്ങൾ നടന്നിട്ടും വിവരങ്ങൾ പുറത്തുവരാതിരിക്കാനുള്ള നടപടികളാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. മണിപ്പൂരിൽ നടക്കുന്ന കലാപം ആസൂത്രിതമാണെന്നും കലാപം അടിച്ചമർത്തുന്നതിൽ കേന്ദ്രസർക്കാർ വിമുഖത കാണിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും സാവിത്രി സദാനന്ദൻ ആരോപിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന നരേന്ദ്രമോദി സർക്കാർ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവർ പറഞ്ഞു.
മഹിളാ അസോസിയേഷൻ പീച്ചി മേഖല പ്രസിഡന്റ് അജിത മോഹൻദാസ് അധ്യക്ഷത വഹിച്ചു. പാണഞ്ചേരി മേഖല സെക്രട്ടറിആനി ജോയ്, സിഐടിയു സംസ്ഥാന സമിതി അംഗം ഷീല അലക്‌സ്, ജനാധിപത്യമഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ആരിഫ റാഫി, ഷൈലജ വിജയകുമാർ എന്നിവരും പ്രസംഗിച്ചു.


0 Comments